Sunday 16 December 2012

സാമ്പാര്‍


ചേരുവകള്‍:

തുവരപ്പരിപ്പ് -1 കപ്പ്‌
വെള്ളരിക്ക -200 ഗ്രാം
കത്തിരിക്ക -2 എണ്ണം
അമരയ്ക്ക-6 എണ്ണം
പടവലങ്ങ -50 ഗ്രാം
കാരറ്റ് -ഒരെണ്ണത്തിന്‍റെ പകുതി
മുരിങ്ങക്ക-ഒരെണ്ണം
ചേമ്പിന്‍ കിഴങ്ങ് -ഒരെണ്ണം
തക്കാളി -1
പച്ച മുളക്-3 എണ്ണം
ചുവന്നുള്ളി -10 എണ്ണം
മുളക് പൊടി -1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
കായപ്പൊടി-1/4 ടീസ്പൂണ്‍
പുളി -ചെറുനാരങ്ങ വലിപ്പത്തില്‍
ഉപ്പ്-പാകത്തിന്

താളിക്കാന്‍:

വെളിച്ചെണ്ണ-2 ടീസ്പൂണ്‍
കടുക് -1/2 ടീസ്പൂണ്‍
ചുവന്നുള്ളി-1
ഉലുവ-1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് -2 എണ്ണം
കറിവേപ്പില
മല്ലിയില

പാകം ചെയ്യുന്ന വിധം:

വെള്ളരിക്കയും കാത്തിരിക്കയും പടവലങ്ങയും ചേമ്പിന്‍ കിഴങ്ങും തക്കാളിയുംവലിയ കഷ്ണങ്ങളായി അരിയുക .മുരിങ്ങക്കയും അമരക്കയും ചെറുവിരല്‍ വലിപ്പത്തില്‍ അരിയുക .കാരറ്റ് ഒരിഞ്ചു നീളത്തില്‍ മുറിച്ചിട്ട് നെടുകേ കീറുക . പച്ചമുളക് 2 ആയി അരിയുക .ചുവന്നുള്ളി തൊലി കളഞ്ഞാല്‍ മാത്രം മതിയാവും .
താളിക്കാനുള്ള ചുവന്നുള്ളി കുരുകുരെ അരിയണം

തുവരപ്പരിപ്പ് കഴുകിയതും ചുവന്നുള്ളിയും അമരക്കയും 2 കപ്പ്‌ വെള്ളമൊഴിച്ച്
കുക്കറില്‍ വേവിക്കാന്‍ വയ്ക്കുക .2 വിസില്‍ ആവുമ്പോഴേക്കും സ്റ്റവ് ഓഫ്‌ ചെയ്തു പ്രഷര്‍ പോയതിനു ശേഷം കുക്കര്‍ തുറന്നു അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികളും ഉപ്പും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വീണ്ടും കുക്കറില്‍ വേവിക്കണം.2 വിസില്‍ കഴിഞ്ഞ് സ്റ്റവ്‌ ഓഫ്‌ ചെയ്തു പ്രഷര്‍ പോയതിനു ശേഷം തുറക്കണം.

മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും ശകലം വെള്ളത്തില്‍ കലക്കി വെന്ത കഷ്ങ്ങളോട് ചേര്‍ക്കണം.വെള്ളം പോരെന്നുണ്ടെങ്കില്‍ ആവശ്യത്തിന് വെള്ളമൊഴിക്കാം...കായപ്പൊടിയും ഇടുക.തിളച്ചതിനു ശേഷം വാങ്ങിവയ്ക്കുക .

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ചുവന്നുള്ളിയും ഉലുവയും ഇട്ട് മുപ്പിക്കുക.എന്നിട്ട് വറ്റല്‍ മുളകും കറിവേപ്പിലയും മല്ലിയിലയും ഇട്ട് വാങ്ങി വച്ചിരിക്കുന്ന സാമ്പാറില്‍ ഒഴിച്ച് അടച്ചു വയ്ക്കുക...ഉപയോഗിക്കാന്‍ നേരം മൂടി എടുക്കുക

No comments:

Post a Comment